വിശപ്പിന്റെ നിറം
ഓട്ടത്തിനിടയിൽ പാന്റ് സിലെയും മുഷിഞ്ഞ കുപ്പായത്തിലേയും കീശകൾ അയാൾ മാറിമാറി പൊത്തിപ്പിടിക്കുന്നുണ്ടായിരുന്നു. മരങ്ങളും അങ്ങിങ്ങായിക്കാണുന്ന ചെറിയ കുടിലുകളും പിന്നിലേക്ക് മാഞ്ഞു പോകുംപോലെ. താഴെ വീഴുന്നത് വരെയോടണം!
അല്ല, കൂരയിൽ എത്തുന്നതുവരെയോടിയേ മതിയാകൂ. മുത്ത് ഒറ്റക്കിരുന്നു പേടിക്കുന്നുണ്ടാവും. അയാൾ ഓടുന്നതിനിടയിൽ പലവുരി തിരിഞ്ഞു നോക്കി.. ഇല്ല, പിന്നിലാരുംതന്നെയില്ല.. . ആദ്യമായിട്ടല്ല അയാൾ മോഷ്ടിക്കുന്നത്. എന്നിരുന്നാലും ഒരു ഭയം. കൈകാലുകൾ മനസ്സിനേക്കാൾ വേഗത്തിൽ ചലിക്കുകയാണ് ഭയം ഓട്ടത്തിനേക്കാൾ വേഗതയിൽ അയാളെ പിന്തുടർന്നുകൊണ്ടിരുന്നു...
ദിവസം അസ്തമയത്തോട്, അടുത്തിരിക്കുന്നു. അയാൾ വേഗത കുറച്ചു, തന്റെ കൂരയുടെ മുൻവശത്തെ ചെറിയ ഒരു മരത്തിന്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പിൽ പിടിച്ച് നിന്നു കിതച്ചു. ഭാരം താങ്ങാനാകാതെ ഒരു ശബ്ദത്തോടെ അയാളും ചില്ലകളും താഴേക്ക് പതിച്ചു.. ശബ്ദം കേട്ടു ഒരു പെൺകുട്ടി പുറത്തേക്കോടിയെത്തി. അയാളെ കണ്ടതും അവൾ അപ്പാ എന്ന് വിളിച്ചു അയാളു ടെ അടുക്കലേക്ക് ഓടിച്ചെന്നു. എപ്പോഴും അയാളുടെ കൈകൾ കീശയിൽ മുറുകേ പൊത്തിപ്പിടിച്ചിരുന്നു. ആ പെൺകുട്ടി വളരെ ആയാസപ്പെട്ട് അയാളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. അവളൊരു ചെറിയ കോപ്പയിൽ വെള്ളം നിറച്ച് കൊണ്ട് വന്നു അയാൾക്കു കൊടുത്തു. പതുക്കെ കൂരയുടെ മണൽഭിത്തിയിലേക്ക് ചാരിയിരുന്നയാൾ വെള്ളം കുടിച്ചു. കിതപ്പവസാനിച്ചപോൾ അയാൾ തലയുയർത്തി കുട്ടിയെ നോക്കി.
പെൺകുട്ടി അങ്ങിങ്ങായി പോടുള്ള പല്ലുകൾ വെളിവാക്കി അയാളെ നോക്കി കൊഞ്ചിച്ചിരിച്ചു..
“അപ്പൻ എവിടാരുന്ന്, ഞാങ്കൊറേ നേരായി നോക്കീരിക്കണ്"
അയാൾ അവളെ നോക്കി അല്പം വിഷമത്തോടെ ചോദിച്ചു "മുത്തിനോട് അപ്പൻ ഉടുപ്പിടാണ്ടിരിക്കല്ലേന്ന് പറഞ്ഞിട്ടില്ലേ?"
അവൾ വീണ്ടും കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“അപ്പാ, ഉടുപ്പ് ഒണങ്ങീലപ്പാ"
അയാൾ മുഖം ഒരു വശത്തേക്ക് വെട്ടിച്ചു കൊണ്ടു പറഞ്ഞു. “ഇനി മുത്തിനോട് അപ്പൻ പിണങ്ങും, ഉടുപ്പിടാതെ നടന്നാൽ!"
അവൾ പരിഭവത്തോടെ ചുണ്ടുകൾ കോട്ടി
"ഇല്ലാ.. ഇനി ഉടുപ്പില്ലാണ്ടെ ഇരിക്കൂല"
“അമ്മച്ചി പേര് ചൊല്ലി സത്യം ചെയ്യ്"
അപ്പനെ വിഷമിപ്പിച്ചതിന്റെ വിഷമം ആ കുഞ്ഞുമുഖത്ത് നിറഞ്ഞു നിന്നിരുന്നു .
“അമ്മച്ചിയാണെ ,എന്റെ പുന്നാരപ്പനാണെ സത്യം"
“ന്നാപ്പോയി ഉടുപ്പെടുത്തിട്"
ഒരു ചെറുചിരിയോടെ ഓലപ്പുറത്ത് വിരിച്ചിരുന്ന ഉടുപ്പെടുക്കാനായി അവൾ ഓടി.
അയാൾ കീശയിലുണ്ടായിരുന്ന അരിമണികൾ ആ കോപ്പയിലേക്കിട്ടു. അയാളുടെ കിതപ്പ് അപ്പോഴും മാറിയിരുന്നില്ല. താഴെവീണ ചിലയരിമണി കൾ അയാൾ പെറുക്കിയെടുത്ത് വീണ്ടും കോപ്പയിലേക്ക് ഇട്ടു.
വിശപ്പിന്റെ വിളി അതനുഭവിച്ചവർക്കു മാത്രം മനസ്സിലാകുന്ന ഒരുതരം സംഗീതമാണ്, അല്ലാത്തവർക്ക് ആരോപറഞ്ഞ ചില കെട്ടുകഥകളും.
അപ്പോഴേക്കും അവൾ ഉടുപ്പിട്ടു അപ്പന്റെ അടുത്തേക്ക് ഓടിയെത്തി. അവൾ അപ്പന്റെ അരികിലിരിക്കുന്ന കോപ്പയിൽ കയ്യിട്ട് കുറച്ച് അരിമണികളെടുത്തു വായിലേക്കിട്ടു.. അയാളപ്പോൾ അവളുടെ കയ്യിൽ ഒരു കൊട്ട് വെച്ച് കൊടുക്കാനെന്ന പോലെ ആഞ്ഞുകൊണ്ട് പറഞ്ഞു.
“അയ്യേ.. അരി പച്ചക്ക് തിന്നരുതെന്ന് അപ്പൻ പറഞ്ഞിട്ടില്ലേ "
അവൾ അപ്പോഴേക്കും വളരെ ആസ്വദിച്ചത് ചവച്ചു തുടങ്ങിയിരുന്നു. അവളുടെ വായിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളമയാൾ വലതുകൈകൊണ്ട് തുടച്ചുകൊടുത്തു. അയാൾക്കവളോട് വല്ലാത്ത വാത്സല്യം തോന്നി. അവളെ പിടിച്ചു മടിയിലിരുത്തിയിട്ട് പറഞ്ഞു,
"അരിയിനി പച്ചയ്ക്ക് തിന്നരുത് ട്ടാ . ബാ
നമക്ക് കഞ്ഞി വെക്കാം..."
കള്ളൻ... കള്ളൻ.....
കോപ്പയിലെ അരിയും വെള്ളവും അങ്ങിങ്ങായി ചിതറി.
നേരം ഇരുട്ടിത്തുടങ്ങി, അയാൾ തളർന്നു തലകുനിച്ചുനിൽക്കുകയാണ്, കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിരിക്കുന്നു.
അവൾ കാലുകൾ അകത്തിവെച്ച്, വേച്ച് വേച്ച് അയാളുടെ അടുക്കലേക്ക് നടന്നു. അവൾ അടുത്തുചെന്ന് അയാളുടെ മുഖമുയർത്തി, അപ്പാ എന്ന് വിറയലോടെ വിളിച്ചു. അയാളുടെ കണ്ണുകൾ വീങ്ങിയിരുന്നു, പതിയെ കണ്ണുതുറന്ന് അവളെ നോക്കി, നിറകണ്ണുകളോടെ അയാൾ ചോദിച്ചു .
“മുത്തിനോട് ഉടുപ്പില്ലാണ്ടെ പുറത്തിറങ്ങല്ലെന്നു അപ്പൻ പറഞ്ഞിട്ടില്ലേ..?"
അയാൾ പൊട്ടിക്കരയാൻ തുടങ്ങി.
“അപ്പാ കരയല്ലപ്പാ . അവര് എന്റെ ഉടുപ്പ് കീറിക്കളഞ്ഞപ്പാ , മുത്തിന് വേറെ ഉടുപ്പില്ലല്ലോ"
അയാളുടെ വായിൽ നിന്നും ഒലിച്ചിറങ്ങിയ കടുത്ത ചുവന്ന ദ്രാവകമവൾ തുടച്ചുകൊടുത്തു . അവളുടെ കുഞ്ഞുശരീരത്തിലെ നഖങ്ങളുടെ ചോരപ്പാടുകൾ അയാളുടെ നെഞ്ചുകുത്തിപ്പിളർന്നു.
ചകിരിക്കയറിൽ ബന്ധിക്കപ്പെട്ട മുഷ്ടികൾ വേദനയോടെ ചുരുട്ടി, അയാൾ അലമുറയിട്ടു കൊണ്ട്, ആ കുട്ടിയുടെ മുന്നിലേക്ക് മുട്ടുകുത്തിവീണു..
Comments
Post a Comment