ആവർത്തനം
ആവർത്തനം
അവന്റേത് ഒരു ചെറിയ തലയാണ്. ചെറുപ്പത്തിലേ അത് പറഞ്ഞു അവൾ അവനെയൊരുപാട് കളിയാക്കിയിട്ടുണ്ട്.. തവിടു കൊടുത്തു വാങ്ങിയതാണ് എന്നുള്ള അവന്റെ കളിയാക്കലിനു ബദലായി.. അതു കേട്ടവൻ നിരാശനായ് കുഞ്ഞുമുഖം ചുവപ്പിച്ചു ദൂരേക്കു നോക്കിയിരിക്കും...
രക്തമൊലിക്കുന്ന ആ ചെറിയ
തലയോട്ടി അവൾ ശരീരത്തോട് ചേർത്ത് വെച്ചു.
ചുറ്റും അന്ധതയെ വെല്ലുന്ന കൂരിരുട്ട്. ശിരസറ്റ ശരീരം നോക്കി അവൾ വാവിട്ടു കരഞ്ഞു.. ഇരുട്ടിലാനിലവിളി പ്രതിധ്വനിച്ചു.
അവൾ ഞെട്ടിയെഴുന്നേറ്റു.. സമയം നാലര.. കോഴിയുടെ കൂവൽ അസഹനീയമായി തോന്നി.. നാശം.. എന്തൊരു സ്വപ്നമാണ്..
ഒരുപക്ഷേ ഇന്നലെ രാത്രിയിലെ ചില തുറന്നു പറച്ചിലുകളാവും ഇങ്ങനെയൊരു ഭയം തോന്നിപ്പിച്ചത്..
********
ഗാഢമായ വായനയിലായിരുന്ന
അവളെ ഒരു ഫോൺ കോൾ വിളിച്ചുണർത്തി..
അനിയൻകുഞ്ഞനാണ്..
ദിവസവും വിളിക്കും..ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുപോകും സംസാരം.. സമയക്കുറവ് കാരണം
പരാതിപ്പെട്ടാൽ രണ്ടു ദിവസം മിണ്ടാതെയിരിക്കും..പിന്നെ മൂന്നാം ദിവസം, രണ്ടു ദിവസത്തെ കടം വീട്ടലുമായി ദീർഘമായ കഥ പറച്ചിൽ തുടരും...
അവന്റെ ഏവും വലിയ സുഹൃത്ത് ചേച്ചി തന്നെയാണ്.. അല്ല ചേച്ചി മാത്രം..
ഭാവിയെക്കുറിച്ചുള്ള ആവലാതികൾ തുടങ്ങി അവസാനം കണ്ടു മുഴുകിപ്പിച്ച ഇംഗ്ലീഷ് പരമ്പരയുടെ ഛായാഗ്രഹണത്തിലെ മികവു വരെ അവരുടെ സംസാര വിഷയമാണ്..
അവൾ ഫോൺ എടുത്തു..
സ്ഥിരം വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കേ,
പിതാവിന്റെ അടുക്കൽ നിന്ന് ആവശ്യപ്പെടാതെ ലഭിച്ച മുൻ്‌ദേഷ്യം
ഒഴിവാക്കാനുള്ള എന്തൊക്കെയോ തത്രപ്പാടിലാണെന്നറിഞ്ഞു.
വളരേ നല്ല തീരുമാനം..
"ഏതൊരു മനുഷ്യനേയും അസുര തുല്യനാക്കുന്ന സംസ്ക്കാര
ശൂന്യത. . ദേഷ്യമെന്നത്
ഒരു പക്ഷേ ആ വികാരത്തിന്റെ ഏറ്റവും മൃദുവായ പേരായിരിക്കും...
"മാനസിക രോഗം" , വികാരങ്ങളെ നിയന്ത്രിക്കാനാകാത്ത അവസ്ഥക്ക് അതിൽ കുറഞ്ഞൊരു പേരു ചേരില്ല".
സംസാരത്തെ ഖണ്ഡിച്ചു കൊണ്ടവൾ പറഞ്ഞു "ഞാൻ നിന്നെ ഉടനെ വിളിക്കാം.. ഒരു സുഹൃത്ത് വിളിക്കുന്നുണ്ട്.."
കാമുകനോ എന്ന് അവന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് പോടാ എന്ന് പറഞ്ഞവൾ ഫോൺ വെച്ചു..
*******
പ്രണയത്തിന് ദ്വന്ദ്വസ്വഭാവമാണുള്ളത്.
പ്രണയിക്കുന്നത് മുൻപ്, "പ്രണയ"ത്തെ പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ , അതൊരു ആഗോള പ്രതിഭാസമാണ്..
പ്രണയിച്ചു തുടങ്ങുമ്പോൾ പ്രണയം തദ്ദേശീയമായി മാറുന്നു..
കാറ്റുപോലെയും കൊടുംകാറ്റുപോലെയുമാണ് പ്രണയം. ചിലപ്പോഴൊക്കെ മൃദുവായ് തഴുകി കടന്നുപോകുമ്പോൾ മറ്റുചിലപ്പോൾ ശക്തമായ്
പ്രഹരമേല്പിക്കുന്നതും ഇൗ പ്രണയം തന്നെ..
പ്രണയിച്ചു കൊണ്ടിരികുമ്പോൾ, "അയാൾ ഞാനല്ല, ഞാൻ അയാളുമല്ല" എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നതാണ്, ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയതെന്ന വസ്തുത അവൾ തിരിച്ചറിഞ്ഞു..
പക്ഷേ, ചിലപ്പോഴെങ്കിലും , പറയുവാനുള്ളതെല്ലാം ഒരു നോട്ടത്തിലൂടെ മാത്രം വിശദീകരിച്ച അനായാസ നിമിഷങ്ങൾ അവൾ നിരാശയോടെ ഓർത്തു.
പ്രണയമിങ്ങനെ പാഴാക്കുന്നത് ഖേദകരം തന്നെ..
സത്യം മനസ്സിലാക്കിയിട്ടും സ്വയം വഞ്ചിതയാകാൻ നിർബന്ധിതമാകുന്ന ,ലോകം തന്നെ ചുരുങ്ങിയൊലിക്കുന്ന
സന്ദർഭങ്ങൾ...
മൂകമായ സംഭാഷണത്തെ അവൾ വീണ്ടും പ്രണയിച്ചു..
*****
"എടീ ചേച്ചി..
"എനിക്ക് ഭ്രാന്തിന്റെ തുടക്കം നന്നായി അറിയാം
അത് സ്നേഹത്തിൽ നിന്നാണ്"
"ചെറുപ്പത്തിലേ ഞാൻ കരുതിയിരുന്നത് മുതിർന്നവർ വളരെ പക്വതയുള്ളവരാണെന്നായിരുന്നു. മുതിർന്നപ്പോൾ അവരുടെ ഇടയിലേക്ക് നമ്മളും വഴുതി വീണുയെന്നല്ലാതെ ഒന്നും സംഭവിച്ചില്ല..
ബന്ധങ്ങളാണ് ഏറ്റവും വലിയ ശത്രു, ബന്ധങ്ങളെ ചിലർ കുത്തിക്കീറും , മാനസികമായും ശാരീരികമായും"
"അമ്മയുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ.. അമ്മ എന്നേ മരിച്ചു കഴിഞ്ഞു"
"അഭിപ്രായ വ്യത്യാസമുള്ള മകനെ , ഒരച്ഛൻ എങ്ങനെയാണ് ഒഴിവാക്കുന്നെതെന്നറിയുമോ??.. ശത്രുവായി .... ശത്രുവായ്..."
*******
സമയം നാലര,
കോഴികളുടെ കൂവൽ അസഹനീയം തന്നെ. നാശം...
ചില മനുഷ്യരെപ്പോലെ ഇവറ്റകൾക്കും അറിവില്ലേ കാലം മാറുന്നുവെന്ന്..
അർത്ഥമില്ലാത്ത ആവർത്തനം..
ശുഭം....
മംഗളം...
Comments
Post a Comment