ഒരു ബംഗളുരു യാത്ര
9 മണിക്കാണ് ട്രെയിൻ . .
അനിയത്തിയുടെ നീറ്റ് എക്സാം കഴിഞ്ഞ ഉടനെ അവിടെ നിന്നും പരക്കം പാഞ്ഞാൽ മാത്രമേ കൃത്യ സമയത്തു യശ്വന്ത്പൂർ റെയ്ൽവേസ്റ്റേഷനിൽ എത്തുകയുള്ളു . ബംഗളൂരുവിലെ എക്സാം സെന്ററിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇത്രയധികം ദൂരമുണ്ടെന്ന് കരുതിയില്ല.
മാത്രമല്ല ഞായറാഴ്ചത്തെ ബംഗളുരുവിലെ തിരക്കിനെ ക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. .
മെട്രോയിലും ബസിലും ടാക്സിയിലുമൊക്കെയായി
ഓടിപ്പിടിച്ചു എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ എത്തി. യാത്രമധ്യേ കയ്യിൽ കരുതിയിരുന്ന ഈന്തപ്പഴങ്ങൾകൊണ്ട് റംസാൻ നോമ്പും മുറിച്ചു . വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ അന്തരം തുടങ്ങുന്ന സമയമായിരുന്നു അത്. ചുരുക്കി പ്പറഞ്ഞാൽ ഒരർത്ഥവിശ്വാസിനി.
ഓരോ കർമ്മങ്ങളേയും യുക്തി കൊണ്ടളക്കുന്ന വളരേയേറെ മാനസിക സംഘട്ടനം അനുഭവിച്ച നാളുകൾ. 23 വർഷങ്ങളായ് അങ്ങേയറ്റം വിശ്വാസത്തോടെയും അർപ്പണ ബോധത്തോടെയും ചെയ്തു പോന്നിരുന്ന പലതും ഉപേക്ഷക്കുവാനുള്ള ,
വളരെ സ്വാഭാവികവും മാനുഷികവുമായ വൈമുഖ്യം ആ ദൂരെയാത്രയിലും എന്നെ വ്രതാനുഷ്ഠയാക്കി.
കൂട്ടുകാരിയുടെ എന്നോളം വലിപ്പമുള്ള , വിലപേശി വാങ്ങിയ കളിപ്പാവയും കുറെയേറെ ലഗേജുകളുമായാണ് ഞങ്ങൾ മൂന്നു പേരും റെയിൽവേ സ്റ്റേഷനിൽ എത്തിയത് .
സമയം കൃത്യം 08: 55 . ആർക്കൊക്കെയോ സ്തുതിയും പറഞ്ഞു ഞങ്ങൾ സീറ്റിലിരുന്നു. .
കംപാർട്മെന്റിൽ കുറച്ചു മലയാളികളൊക്കെയുണ്ട് .
അതിനിടയിലാണ് ഞാൻ മീനുവിനെ ശ്രദ്ധിക്കുന്നത്. എന്റെ അനിയത്തിയേക്കാൾ ഒരു വയസ്സിളപ്പം. ഒരു നിമിഷം സംസാരിക്കാതിരുന്നാൽ
മീനുവിനു എന്തോ വല്ലായ്മയാണ്. എങ്ങനെയാണ് ഇത്രയുമധികം കാര്യങ്ങൾ ഓർത്തുവെച്ച് സംസാരിക്കുന്നതെന്ന് ഞാൻ ചിലപ്പോഴൊക്കെ അദ്ഭുതപ്പെട്ടിട്ടുണ്ട് . നല്ല ഒരു ചുണക്കുട്ടിയാണവൾ.
ആ കുട്ടിയുും നീറ്റ് പരീക്ഷ സെന്റർ ബംഗളൂരുവിൽ തന്നെ വെച്ചത് ഒരു "മൂന്നാൾ ബംഗളൂരു" യാത്ര മനസ്സിൽ കണ്ടിട്ടായിരുന്നു.
തലേ ദിവസം തന്നെ ഞങ്ങൾ എത്തിയിരുന്നു. സമയപരിധി ഉണ്ടായിരുന്നുവെങ്കിലും രാത്രിയിലെ ബംഗളൂരു മജസ്റ്റിക് യാത്ര മനോഹമായിരുന്നു.
. . ഒരക്ഷരം പോലും മിണ്ടാതെ പാതിയടഞ്ഞ കണ്ണുകളുമായി മീനു സീറ്റിൽ ചാരിയിരിക്കുകയാണ്. .
ചോദിച്ചപ്പോൾ എല്ലാ മാസവും വരുന്ന അതിഥി കുറച്ചു നേരത്തേയെത്തി എന്നവൾ പറഞ്ഞു. .വയർ അമർത്തിപ്പിടിച്ചു അവളവിടെ ഇരുന്നു.
ഇതേ കുറിച്ച് എന്റെ ചിന്തയിൽ പോലുമില്ലായിരുന്നു. ഡേറ്റ് കഴിഞ്ഞത് കൊണ്ട് എന്റെയോ അനിയത്തിയുടെയോ കയ്യിൽ പാഡ് ഒന്നും തന്നെ ഇരുപ്പില്ല.. ട്രെയിൻ ഇപ്പോൾ നീങ്ങി തുടങ്ങും എന്ത് ചെയ്യും എന്നൊരു പിടിയുമില്ല. .
അടുത്തിരിക്കുന്ന നാലംഗ മലയാളി കുടുംബം ,അച്ഛനും അമ്മയും രണ്ട് ഇരട്ട പെൺകുട്ടികളും. അവരും പരീക്ഷ എഴുതാൻ വന്നവരാണെന്നു സംസാരത്തിൽ നിന്നും മനസ്സിലായി . ഞാൻ ആ പെൺകുട്ടിയോട് പാഡ് ഉണ്ടോ എന്ന് ചോദിച്ചു . ആ കുട്ടി ഉണ്ടെന്ന് പറഞ്ഞു ബാഗ് പരതാൻ തുടങ്ങി . . 'അമ്മ പതുക്കെ ആ കുട്ടിയോട് കാര്യം ചോദിച്ചറിഞ്ഞു , അവർ നീരസത്തോടെ പറഞ്ഞു .." ഏയ് അതൊന്നും കൊടുക്കാൻ പറ്റില്ലാ "
ആ പെൺകുട്ടികൾ ഒന്ന് പരുങ്ങി . ഞങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. യാതൊരു സഹതാപവുമില്ലാതെ ഒരു സ്ത്രീക്ക് എങ്ങനെയാണ് ഇങ്ങനെ പറയാനാവുക? . ഇതേ പ്രായത്തിലുള്ള രണ്ടു പെണ്മക്കൾ അവർക്കുമുണ്ട് .
അതിനിടയിൽ അച്ഛൻ കാര്യം എന്താണെന്ന് ചോദിക്കുന്നുണ്ട് . "ഒന്നുമില്ല ഡാഡി" എന്ന് പല ആവർത്തി കുട്ടികൾ പറയുന്നുമുണ്ട്. അരോചകമാകുന്ന വിധത്തിൽ
അയാൾ വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു ...
" പറയുന്നതിലെന്താ തെറ്റ് അത് തന്റെ അച്ഛനല്ലേ"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
ഞാൻ എഴുന്നേറ്റു അപ്പുറത്തെ കംപാർട്മെന്റിലേക് പോയി. . അവിടെയും ഒരു മലയാളി കുടുംബത്തെ കണ്ടു..
ഏതാണ്ട് ആദ്യത്തെ അനുഭവം തന്നെയായിരുന്നു അവിടെയും.
ഇനി മറ്റാരോടും ചോദിച്ചിട്ടു കാര്യമില്ലെന്നും എനിക്ക് ബോധ്യമായി..
മീനുവിന്റെ മുഖം കാണുമ്പൊൾ എനിക്ക് സങ്കടം വന്നു . പാവം കുട്ടി . . ലോകത്തു സകലമാന മനുഷ്യരോടും വെറുപ്പ് തോന്നുന്ന വിധത്തിലുള്ള വേദന ഒരു വശത്തും , നിസ്സഹായതയുടെ അടുത്ത നിമിഷങ്ങൾ മറുവശത്തും . .ഇനിയുമേറെ വൈകിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും . തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടതുമാണ്.
ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ സ്റ്റാഫ് ബോയിയുടെ അടുത്തേയ്ക്ക് പോയി. പാഡ് മാൻ ചാലഞ്ച് ഒക്കെ നടന്ന നാടല്ലേ. .
കാര്യം പറഞ്ഞപ്പോൾ അയാളുടെ മുഖത്തും ചെറിയ ഒരു ചമ്മൽ ഞാൻ ശ്രദ്ധിച്ചു .
" ഒൻപത് മണിയായി .. ട്രെയിൻ എപ്പോൾ എടുക്കുമെന്ന് എനിക്കറിയില്ല. എന്നാലും വേണ്ടില്ല ഇപ്പോൾ ഇതല്ലേ ആവശ്യം . പെങ്ങൾ പൈസ തരൂ, ഞാൻ വേഗം വാങ്ങി വരാം... "
രൂപയും വാങ്ങി റെയിൽവേ സ്റ്റേഷനിടെ പിന്നിലെ വഴിയിലൂടെ അയാൾ ഓടി. ട്രെയിൻ ഇപ്പോൾ നീങ്ങരുതേ എന്ന് പ്രാർത്ഥിച്ചു ഞങ്ങൾ അവിടെയിരുന്നു.. അൽപ നേരം കഴിഞ്ഞപ്പോൾ ഓടിക്കിതച്ചു അയാൾ എത്തി.
"ദേ ഇതാ സാധനം, ഇതിന്റെ വിലയൊന്നുമെനിക്കറിയില്ല . ആ കടക്കാരൻ ഇത്രയുമാണ് ബാക്കി തന്നത് . "
ഞങ്ങൾ മൂന്നു പേരുടെയും നിർത്താതെയുള്ള നന്ദി വാക്കുകൾ സ്വീകരിച്ചുകൊണ്ട് അയാൾ അടുത്ത
കംപാർട്മെന്റിലേക് പോയി. .
ട്രെയിൻ നീങ്ങി തുടങ്ങി .
ഇതെല്ലാം കണ്ടു കൊണ്ട് ഞങ്ങളുടെ തൊട്ടടുത്ത് ആ നാലംഗ കുടുംബമുണ്ടായിരുന്നു . ആ പെൺ കുട്ടികൾ അച്ഛനോട് പറയാൻ മടിച്ച "വിചിത്ര വസ്തു" അവരുടെ മുൻപിൽ വെച്ച് പൊട്ടിച്ചു അതിൽ നിന്നും ഒരെണ്ണം എടുത്തു മീനുവിന് കൊടുത്തിട്ടു ഫ്രഷ് ആയി വരാൻ പറഞ്ഞു.
ആ പാഡ് കുറെ നേരം അവരുടെ മുന്നിൽ പ്രദര്ശനത്തിനെന്ന പോലെ ഞാൻ വെച്ചു . അതിൽ എന്തോ ഒരാനന്ദം എനിക്ക് തോന്നി ...
കാലം മാറിയതറിയാത്ത, അല്ലെങ്കിൽ കാലത്തിന്റെ മാറ്റങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരു കൂട്ടം ജനങ്ങളുടെ ആകത്തുകയാണ് ആ സ്ത്രീയും കുടുബവും... ഇവർ എങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും എന്ന് ഞാൻ അത്ഭുതപ്പെട്ടു ...
ആ സ്ത്രീയുടെ മുഖം ഞാൻ ഒരിക്കലും മറക്കില്ല. അതേ പ്രായത്തിലുള്ള പെണ്മക്കൾ അവർക്കുമുണ്ടായിരുന്നു. ..
ഈ വിചിത്ര വസ്തു കുട്ടികളുടെ അച്ഛന്റെ മുന്നിൽ വെച്ച് എടുക്കുന്നതിനുള്ള വിസമ്മതമാണോ അതോ സ്വന്തമായത് അന്യനു കൊടുക്കുന്നതിൽ താല്പര്യക്കുറവാണോ എന്നെനിക്കറിയില്ല. . ചിലരൊക്കെ ഇങ്ങനെയാണ് എന്നൊക്കെ
ചിന്തിച്ചു സമാധാനിക്കാൻ ശ്രമിച്ചു . .
പല കോണുകളിലൂടെ നോക്കിയിട്ടും അവരുടെ ആ പ്രവർത്തിയെ ന്യായികരിക്കുന്ന ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ....
2018 ലെ സംഭവമാണിത്. ഇപ്പോൾ ഒരുപാട് മാറ്റമുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
തുടർച്ചയായി നമ്മെ നടുക്കിയ പ്രളയം ഐക്യം മാത്രമല്ല, സാനിറ്ററി നാപ്കിൻ രഹസ്യമായല്ലാതെ വാങ്ങുവാനും പ്രബുദ്ധരെ പ്രാപ്തരാക്കി എന്നു തോന്നുന്നു.
ശുഭം .
മംഗളം. .
ആർത്തവം വീടിനകത്തും പുറത്തും അന്നും ഇന്നും വല്യ പ്രശ്നം തന്നെയാണ്.
ReplyDelete