അവന്തിക

                  അവന്തിക

"ഇനി നിന്റെ കൂടെ ഞാനെങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും "
അവന്തിക ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.. ആ വഴക്കിനു ശേഷം എന്നും ഉറക്കമെഴുന്നേൽക്കുന്നത്  ഇങ്ങനെയാണ്.. ഈ വാക്കുകൾ മനസ്സിൽ നിന്നും മായുന്നില്ല .. ചില പഴയ സിനിമകളിലൊക്കെ കാണിക്കുന്നത് പോലെ, തുടരേതുടരേ എവിടെയെക്കെയോ ആവർത്തിച്ചു കേൾക്കുന്നത് പോലെ.

"ഇന്ന് കൊച്ചുവെളുപ്പാങ്കാലത്തു തന്നെ ഓഫീസിൽ  പോണം" അവന്തിക മുറുമുറുത്തുകൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റു ..

"എന്തിനാടി നേരത്തെ പോണേ?" പാമ്പ് മാളത്തിൽ നിന്നും തലപ്പുറത്തെക്കിടുന്ന കണക്കെ 
റൂംമേറ്റ് പുതപ്പിൽ നിന്ന് തല പുറത്തേയ്ക്കിട്ടിട്ടു  ചോദിച്ചു.

 "ആ മാനേജർ കാലമാടനു രാവിലെ തന്നെ ഞാൻ പോയി ആശീർവാദം കൊടുക്കണമെന്ന്, പണ്ടാറക്കാലൻ "

"ഓ പേർസണൽ മീറ്റിംഗ്... പൊളിക്ക് മോളേ "

"പോടി പുല്ലേ" അവന്തിക കയ്യിൽ കിട്ടിയതെന്തോ അവൾക്കുനേരെ  വലിച്ചെറിഞ്ഞിട്ടു കുളിമുറിയിലേക്കു പോയി .
ലിഫ്റ്റിൽ കയറുന്നതിനു മുന്നേയായി അവൾ വാച്ചിലേക്ക് നോക്കി.. 
"ഭാഗ്യം.. എട്ടുമണിയാവുന്നേയുള്ളൂ."

 മൈൻഹാളിന്റെ കതകു തുറന്നപ്പോൾ ദൂരെ നിന്നും മാനേജർ കൈകൊട്ടി അവന്തികയെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വരാനായി ക്ഷണിച്ചു.

"വാടോ.. നമുക്കൊരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിക്കാം, ഞാൻ ഇപ്പോൾ ജസ്റ്റ് ഫൂഡുമായി എത്തിയതേയുള്ളൂ.. താൻ കഴിച്ചില്ലല്ലോ അല്ലെ??"

"ഇല്ല സർ " അവൾ കിതച്ചുകൊണ്ട്  പറഞ്ഞു,

"ഇരിക്കിരിക്ക്" ഭക്ഷണം കടലാസ് പത്രങ്ങളിലേക്ക് പകർത്തികൊണ്ട് അയാൾ വളരെ സ്നേഹപൂർവം പറഞ്ഞു.

അവൾ ബാഗ് മേശയുടെ അരികിൽ വെച്ചിട്ടു കൈകഴുകാൻ പോയിവന്നു. അവർ കഴിക്കാൻ തുടങ്ങി, വിരസത മുറുകുമ്പോൾ അയാൾ ചിലത് ചോദിക്കും, അവന്തിക മുക്കിയും മൂളിയും എന്തെങ്കിലുമൊക്കെ പറയും, അവളുടെ ഇഷ്ടക്കേട് പ്രകടമായിരുന്നെങ്കിലും, വൈകുന്നേരം വരെ ഒന്നുതന്നെ കിട്ടാതിരുന്നിട്ടും ചൂണ്ടക്കാരൻ, എന്തെങ്കിലുമൊക്കെ  കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെയിരിക്കുന്ന ഭാവമായിരുന്നു അയാൾക്ക്.

അയാൾ, അവന്തിക കൈകഴുകാൻ എത്തുന്നതുവരെ  പൈപ്പിനരികെ കാത്തുനിന്നു , അവൾക്കായി ഒതുങ്ങി നിന്നിട്ടു , കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തിൽ  നോക്കി പ്രണയം തുളുമ്പുന്ന ഭാഷയിൽ ചെറു ചിരിയോടെ  പറഞ്ഞു..
'എടൊ, എനിക്ക്..."
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു,

 "തനിക്ക് മനസ്സിലായിട്ടുണ്ടാവും  എന്നെനിക്കറിയാം.. താല്പര്യം ഉണ്ടൊ ഇല്ലയോ എന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു"
അയാൾ തന്റെ വിയർപ്പുമണികൾ തൂവാലയെടുത്തു  തുടച്ചുമാറ്റി.

 "എനിക്ക് അങ്ങനെയൊന്നും ഇല്ലെന്നു  സേറിനു മനസ്സിലായിക്കാണുമെന്നാണ് ഞാൻ കരുതിയത്" അവന്തികയുടെ മറുപടി പെട്ടെന്ന് തന്നെയായിരുന്നു. 
അയാളുടെ മുഖമൊന്നു വാടിയെങ്കിലും പൂർവാധികം ശക്തിയോടെ ഒരു ചിരി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു ,
"ശെരി ഇടയ്ക്കിടെ ഇങ്ങനെ എനിക്ക് ഒരല്പം കമ്പനി താരാമല്ലോ അല്ലെ??.

"വെൽ, യെസ് സർ, "  അവൾ കൈകൾ വസ്ത്രങ്ങളുടെ ഒരു കോണിൽ തുടച്ചിട്ട് കാബിനിലേക്ക്  നടന്നു.. 

അത് തുടർന്നുകൊണ്ടേയിരുന്നു.. ഇരുവരുടെയും രാവിലെയുള്ള കണ്ടുമുട്ടൽ ഓഫീസിൽ ഒരു സംസാരമായി തീർന്നിരുന്നു.
ഒരു ദിവസം അയാൾ വീണ്ടും പ്രണയാഭ്യർത്ഥനയുമായി എത്തിയപ്പോൾ
" സർ, ഐ ആം എ ലെസ്ബിയൻ, സർ നല്ല പ്രോഗ്രസ്സീവാണെന്ന് തോന്നിയത് കൊണ്ടാണ് പറയുന്നത്. ഐഡന്റിറ്റി വെളിവാക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല, ബട്ട്‌ പേടിയാണ് ഈ സോസൈറ്റിയെ.. അത് കൊണ്ട് എനിക്കിത് ഒരുപാട് പേർ അറിയുന്നതിലും ബുദ്ധിമുട്ടുണ്ട്, ആദ്യം പറയാതിരുന്നത് ഇത് കൊണ്ടാണ് , നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം, സർ ഇനിയിത് എന്നോട് പറയരുത്, പ്ലീസ്.. "


അവൾ അയാളുടെ മുഖത്തേയ്ക്ക്  നോക്കി.. അയാള് അവളെ മൂർച്ചയോടെ നോക്കി, പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു "എടൊ താനെന്നെ ഒഴിവാക്കാൻ പറയുന്നതാണോ? അതോ??."

"നോ സർ, അങ്ങനെ പറയാൻ പറ്റിയ ഒരു വിഷയമാണോ ഇത് "?? അവൾ നിഷ്കളങ്കമായി ചോദിച്ചു.

അയാൾ  പെട്ടെന്ന്, അഞ്ചുനിമിഷത്തിൽ ലോകമവസാനിക്കും എന്ന വാർത്ത കേട്ടതുപോലെയുള്ള  ഞെട്ടലിൽ പുറത്തേക്ക്  നോക്കിയിരിക്കുകയാണ്..
കുറച്ച് നേരം അവിടെയിരുന്നിട്ടു അവൾ എഴുന്നേറ്റു സ്വന്തം കാബിനിലേക്ക് 
പോയി..

 ഒരു വൈകുന്നേരം,
അവന്തിക ജവഹർ പാർക്കിലെ ഒരു ആളൊഴിഞ്ഞ കോണിലിരിക്കുകയാണ്, ഒരു ജ്യൂസ് കുപ്പി അവളിലേക്ക് നീട്ടികൊണ്ട്,അയാൾ ചില പഴയ ഹിന്ദി നായകന്മാരെ പോലെ പുരികം കൂർപ്പിച്ചു  ചോദിച്ചു,

"എടൊ എനിക്കൊരു സ്കോപ്പുമില്ലേ.??. ഇത്.. ഇത് മാറില്ലേ..??" 

അവന്തികയുടെ മുഖം തെല്ലൊന്ന് തുടുത്തു.. അവൾ അയാളെ സൂക്ഷിച്ചൊന്നു നോക്കി.

അത് മനസ്സിലാക്കിയപ്പോൾ അയാൾ തുടർന്നു .. "എനിക്കറിയാം ബട്ട് . ഐ ആം ആസ്കിങ് ഔട്ട് ഓഫ് ക്യുരിയോസിറ്റി".. കൈ രണ്ടും ഉയർത്തിക്കാണിച്ചുകൊണ്ടയാൾ പറഞ്ഞു..

അവൾ ഒന്നും പറയാതെ ജ്യൂസ് ബോട്ടിൽ തഴുകിയിരുന്നു. അവളുടെ അങ്ങിങ്ങായി നിറം കൊടുത്ത മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു.
 അയാൾ വീണ്ടും ചോദിച്ചു..
" ആർ യു കമ്മിറ്റിഡ് "??

അവന്തിക ദൂരേക്ക് നോക്കിയിട്ടു പറഞ്ഞു, 
"എനിക്കൊരാളെ ഭയങ്കര ഇഷ്ടമാണ്.. കോളേജിൽ പടിച്ചോണ്ടിരുന്നപ്പോൾ മുതൽ അറിയാവുന്നതാ.. പേര് സഹ്റ, പുള്ളിക്കാരീടെ സെക്ഷുവൻ ഐഡന്റിറ്റി എന്താണെനൊന്നും എനിക്കറിയില്ല.. മത വിശ്വാസിയല്ല എന്നു പറഞ്ഞിട്ടുണ്ട് .. മതങ്ങളെയൊക്കെ വിമർശിച്ചു പോസ്റ് കാണാറുണ്ട് .
അപ്പോൾ തന്നെ കുറെയൊക്കെ എന്നെ മനസ്സിലാക്കാൻ പറ്റുമായിരിക്കും??  ഇടയ്ക്കു ഞങ്ങൾ മീറ്റ് ചെയ്യാറുണ്ട് .. എനിക്ക് കുറേ ഇന്റലക്ച്ചുവലി സ്ടിമുലേറ്റ്റിംങ്ങായ തോട്സ് ഇട്ടുത്തന്നിട്ടു അങ്ങ് പോകും. ഒരുമിച്ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴേല്ലാം എനിക്ക് അവരോടുള്ള പ്രണയം കൊണ്ട് ഞാൻ വലിഞ്ഞു മുറുകാറുണ്ട്, എനിക്ക് അവരെ അത്രക്കും ഇഷ്ടമാണ് "


"താനത് അവരോട് പറഞ്ഞിട്ടുണ്ടോ?? " വിഷമവും ആകാംഷയും കലർന്ന ഒരു ചോദ്യമായിരുന്നു അത്..

"ഇല്ല.. ഞാൻ അമ്മയോടാണ് എല്ലാം ആദ്യം  പറയുക.. അമ്മയാണ് എന്റെ ഏറ്റവും വലിയ ബെസ്റ്റി . ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ് ആയ പ്രോഗ്രെസസ്സീവ് ആയ വിമൻ .. ഞാൻ അമ്മയോട് എന്റെ പ്രണയം പറഞ്ഞപ്പോൾ, അമ്മ പറഞ്ഞത് 
"നിന്റെ കൂടെ ഇനി ഞാനെങ്ങനെ മനസ്സമാധാനത്തോടെ കിടക്കും എന്നാണ് ", ഞാൻ ലെസ്ബിയൻ ആണ് എന്നതിനർതം ഞാൻ എല്ലാ സ്ത്രീകളെയും ശരീരികമായി ആഗ്രഹിക്കുന്നു എന്നാണോ, സർ ഒരു ഹെറ്ററോ ആണ് അല്ലേ??സർ എല്ലാ സ്ത്രീകളെയും പ്രണയിക്കുന്നുണ്ടോ?? ശരീരികമായി ആഗ്രഹഹിക്കുന്നുണ്ടോ? "

അവന്തികയുടെ ശബ്ദം ഇടറി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..


" അമ്മ പറഞ്ഞത് കൂട്ടാക്കണ്ട, അവരുടെ പ്രായത്തിനെ ഓർക്കുക. താനിത് സഹ്റയോട് പറയണം.. ഉടനെ തന്നെ, തന്റെ ജീവിതമാണ്, ആലോചിച്ചൊരു തീരുമാനം എടുക്കുക, എനിക്ക് വിഷമമൊക്കെയുണ്ട്, അതെന്റെ ചിന്തകളുടെ പ്രശ്നമാണ് "
 
കാറ്റു മൃദുവായി അവരെ തഴുകി കടന്നുപോയ്ക്കൊണ്ടിരുന്നു.

************* ************  *********
സഹ്റ അവന്തികയുടെ മാറിടങ്ങളിലൂടെ കയ്യോടിച്ചു, മാറിടുക്കിൽ ചുംബിച്ചു.. സഹ്റ 
അവന്തികയോട് ചോദിച്ചു..
"ഹൌ ഡസ് ദാറ്റ് ഫീൽസ്..?? "
കണ്ണടച്ചുകൊണ്ട് അവന്തിക പറഞ്ഞു,
"ഞാനിത് വായിച്ചിട്ടുണ്ട്..
ചന്ദനമരങ്ങൾക്കിടയിൽ എന്നൊരു നോവല്ലേ ഉണ്ട്.. കമലസുറയ്യയുടെ?.. അതിൽ ഇങ്ങനെ മാറിടങ്ങളിലൂടെയുള്ള കരവിരുതുകളെക്കുറിച്ച് പറയുന്നുണ്ട്".

" മാധവിക്കുട്ടി.. അത് മതി.. ആ സ്ത്രീക്ക് പ്രായമായപ്പോൾ ഒരബദ്ധം പറ്റി..നമ്മുടെ നാട്ടുകാർ അതേറ്റുപിടിച്ചു. അത്രന്നേ.. ആഹ് ബാക്കി പറ.."
 സഹ്റയുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് അവന്തിക പറഞ്ഞു "
"ബാക്കിയൊന്നും കൃത്യായിട്ട് ഓർക്കണില്ല ..
സ്കൂളിൽ പഠിക്കുമ്പോഴോ മറ്റോ വായിച്ചതാ.. അന്നെനിക്ക് മനസ്സിലായത് ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ പറ്റുള്ളൂ. സ്ത്രീ ശരീരമാണ് എനിക്ക് സന്തോഷം തരുന്നതെന്നും "..

 സഹ്റ എഴുന്നേറ്റ് നിന്നു വസ്ത്രങ്ങൾക്കായി പരതി.. "വിവസ്ത്രയായ ഒരു സ്ത്രീയെത്ര സുന്ദരിയാണ്.. അല്ലെ"??!  അവന്തിക ആശ്ചര്യത്തോടെ പറഞ്ഞു.

സഹ്റ വസ്ത്രമണിഞ്ഞുകൊണ്ട് ചെറിയ കുട്ടികളുടെ ശബ്ദം പോലെയാക്കി പറഞ്ഞു
"അവന്തിക.. എനിക്ക് ചമ്മലാവും, ഇങ്ങനെ നോക്കല്ലേ "

അപ്പോൾ സഹ്റ അവളെ കളിയാക്കി ചിരിച്ചു.
സഹ്റ കട്ടിലിൽ അവളോട്‌ ചേർന്നിരുന്നിട്ടു പറഞ്ഞു
"എടൊ 
നമ്മുടെ നാട്ടിലെ ഈ സെറ്റപ്പിൽ നമുക്കൊരുമിച്ചു ജീവിക്കാൻ പറ്റുവോന്നെനിക്കറിയില്ല"
 അവന്തികയുടെ മുഖത്തെ ചിരി മാഞ്ഞു
അപ്പോൾ സഹ്റ പറഞ്ഞു.

 "പക്ഷേ എനിക്ക് അതിനുള്ള ഗട്സ് ഉണ്ട്, സ്കൂളിലൊക്കെ പഠിക്കുമ്പോൾ എന്റെ ഐഡന്റിറ്റി എന്താണെന്നോർത്തു കൺഫ്യൂഷനടിച്ചു ഞാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.. കുറേ രാത്രികൾ കരഞ്ഞു തീർത്തിട്ടുണ്ട്, അത് പോലുള്ള അവസ്ഥ ഇനിയുള്ള കുട്ടികൾക്ക് ഉണ്ടാവരുത്"

അവന്തിക  സംഗീതം ആസ്വദിക്കുന്നത് പോലെ സഹ്റയെ ശ്രദ്ധയോടെ  കേട്ടിരുന്നു....
 സഹ്റ തുടർന്നു 
 "നമുക്ക് കല്യാണം കഴിക്കാടോ. എന്നിട്ട് ഈ കേരളത്തിൽ തന്നെ താമസിക്കണം.. നമക്കൊരു  സോസൈറ്റിയുണ്ടാക്കണം,  ഞാൻ നേരത്തെ പറഞ്ഞ കൺഫ്യൂഷനടിച്ചിരിക്കുന്ന കുട്ടികൾക്കായി, നമുക്ക് ജീവിക്കാം മോളെ "

അവന്തിക കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു സഹ്റയെ കെട്ടിപ്പിടിച്ചു.
"ഐ ലബ്യു.. മൈ ഡിയർ ചഗ്രാ." അവളെ തുരുതുരാ ചുംബനങ്ങൾ കൊണ്ടു മൂടാൻ  തുടങ്ങി.




"അവന്തികാ . നിന്റെ ഫ്രണ്ടിന്റെ നിക്കാഹ് കഴിഞ്ഞല്ലോ.."
അവന്തിക കാബിനിൽ നിന്നും തലപൊക്കി നോക്കി,
"ഏതു ഫ്രണ്ട്??"

"എടാ ആ ഫേസ്ബുക് സെലിബ്രിറ്റി, സഹ്റ.. ദേ നോക്ക് നല്ല കിടിലൻ ചെക്കൻ"

അവന്തിക കസേരയിലേക്ക് ചാരിയിരുന്നു, കഴുത്തിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർ മഞ്ഞ കുർത്തയുടെ മുൻഭാഗം നനച്ചു, പിന്നെയും കണ്ണുനീർ അങ്ങോട്ടേക്ക്  ഒഴുകിയെത്തികൊണ്ടിരുന്നു..

സഹ്റയുടെ ഒരു മെസ്സേജ് വന്നത് അവൾ തുറന്നു നോക്കി.. 

"അവന്തിക, ഐ ആം സോറി ഡിയർ , ഞാൻ നിന്നെ എന്നും സ്നേഹിക്കും, ഈ നശിച്ച നാട്ടുകാർക്കിടയിൽ എനിക്ക് ഇങ്ങനെ ചെയ്തേ മതിയാകൂ . അടുത്തയാഴ്ച ഞാൻ കൊച്ചിയിലേക്ക് വരും.. നിന്നെക്കാണാതെ എനിക്കു കഴിയില്ല, എന്നും കാണുന്നിടത്തു വെച്ച് കാണാം.. ലവ് യു , ബൈ.. "

Comments

Popular posts from this blog

Carl and Ann

Man made out of Clay

ഒരു ബംഗളുരു യാത്ര